ചെന്നൈ: നൻപാ നൻപീ....... അണ്ണൻ വന്താച്ച്. ആര്യൻ വംശീയ വെറിക്കെതിരെ ഇന്ത്യൻ ദേശീയതയുടെയും ദ്രാവിഡ വംശ സംസ്കാരത്തിൻ്റെയും പ്രതീകമായി തമിഴ് വിജയ കാഹളം ഉയർന്നു. തമിഴ് വെട്രി കഴകം പ്രയാണം തുടങ്ങി. ദളപതി അണ്ണൻ രാഷ്ടീയ അശ്വമേധം തുടങ്ങിയതേ നയം വ്യക്ത്യമാക്കി. ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ്. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെൻസസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടത്. ആയിരങ്ങൾ അണിനിരന്ന സമ്മേളനത്തിൽ തമിഴക വെട്രി കഴകത്തിൻ്റെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിർക്കണമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവർത്തകരോടായി ആവശ്യപ്പെട്ടു. 'പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവർത്തകർ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങൾ എതിർക്കണം. നമ്മൾ മാത്രമാണ് ശരിയെന്ന് കരുതരുത്. ജനങ്ങൾക്ക് വേണ്ടി നാം പ്രവർത്തിക്കണം. ജനങ്ങൾക്കായി എന്ത് ചെയ്യണം എന്ന തോന്നലിൽ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്. ഓരോ കാൽവയ്പും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രധാനമാണ്. അപ്പോൾ ശത്രുക്കൾ ആരെന്നറിയാം. നമ്മുടെ ജയം തീരുമാനിക്കുന്നത് ശത്രുക്കളാണ്, അദ്ദേഹം
പറഞ്ഞു.
സമൂഹത്തിലെ വിവേചനം തുറന്ന് പറഞ്ഞപ്പോൾ തന്നെ പലർക്കും പൊള്ളിയെന്നും വിജയ് കൂട്ടിച്ചേർത്തു. ടിവികെയ്ക്ക് മുഖ്യമായും രണ്ട് ശത്രുക്കളാണുള്ളതെന്നും അത് അഴിമതിയും അസമത്വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ
പോരാട്ടമുണ്ടാകുമെന്നും വിജയ് പറയുന്നു.
ജനങ്ങളോടൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രഖ്യാപനങ്ങൾ പ്രായോഗികമാകണം. വെറും വാക്കുകൾ ഉണ്ടാകില്ല. മകനായും സഹോദരനായും സുഹൃത്തായും ഒപ്പമുണ്ടാകും. രാഷ്ട്രീയ വാളേന്തി കഴിഞ്ഞു. ഈ ജനക്കൂട്ടം പണത്തിന് വേണ്ടിയല്ല. കൃത്യമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. തമിഴ്‌നാട് മാത്രമല്ല, അയൽ സംസ്ഥാനങ്ങളും ലോകം മുഴുവനും നമ്മ കാതോർക്കുന്നു', അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെ തള്ളിക്കളയണമെന്നും വിജയ് ആവശ്യപ്പെട്ടു. സമ്മേളനത്തിന് അണിനിരന്നവർക്ക് മുന്നിൽ, നിയമസഭാ പോരാട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ വോട്ട് ടിവികെയ്ക്ക് ആയിരിക്കുമെന്നും കാത്തിരുന്ന് കാണൂവെന്നും വിജയ് പറഞ്ഞു. ഒരു വിഭാഗം ആര് രാഷ്ട്രീയത്തിൽ വന്നാലും തകർക്കാൻ നോക്കുന്നു. ജനങ്ങളെ വഞ്ചിക്കുകയാണവർ. ഏകാധിപതികളെപ്പോലെ പെരുമാറുന്നു. അവർക്കുള്ള മറുപടിയാകും ടിവികെ. കുടുംബാധിപത്യമാണ് നമ്മുടെ രാഷ്ട്രീയ ശത്രുവെന്നും കുടുംബാധിപത്യത്തെ തകർക്കണമെന്നും ഡിഎംകെയെ പരോക്ഷമായി വിമർശിച്ച് വിജയ് പറഞ്ഞു.
സ്ത്രീകളായിരിക്കും തങ്ങളുടെ ശക്തിയെന്നും
അദ്ദേഹം സൂചിപ്പിച്ചു. 'അമ്മമാർ,
സഹോദരിമാർ, പെൺമക്കൾ, അവരുടെ പിന്തുണയിൽ വിശ്വാസമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകും. നിങ്ങളുടെ മകനായും അണ്ണനായും ഉണ്ടാകും. രാക്ഷസക്കോട്ടയിൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് പലരും ചോദിച്ചു. ഒറ്റക്ക് പോരാട്ടം നയിച്ച് മുന്നോട്ട് പോകും. നിങ്ങളുടെ ഹൃദയത്തോടാണ് ഞാൻ സംസാരിക്കുന്നത്. എം ജി ആറിനേയും'കൂത്താടി' എന്ന് വിളിച്ചു. അങ്ങനെ വിളിക്കപ്പെടുന്നതിൽ അഭിമാനമുണ്ട്', വിജയ് പറഞ്ഞു.
സിനിമ ശക്തമായ കലാരൂപമാണെന്നും ദ്രാവിഡ രാഷ്ട്രീയം വളർന്നതിൽ സിനിമകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ സത്യങ്ങൾ വിളിച്ചു പറയുമെന്നും സിനിമകൾക്ക് കയ്യടിക്കുന്നത് സാധാരണക്കാരാണെന്നും വിജയ് ചൂണ്ടിക്കാട്ടി. അവർ ആഗ്രഹിക്കുന്നതാണ് സിനിമകൾ പറയുന്നത്. സിനിമയിൽ വന്നപ്പോഴും പലരും അധിക്ഷേപിച്ചു. പക്ഷേ ഓരോ തവണയും പോരാടി ഇവിടം വരെയെത്തിയെന്നും വികാരാധീനനായി വിജയ് പറഞ്ഞു. 'ഇപ്പോൾ കിട്ടുന്ന സ്വീകാര്യത സിനിമ തന്നതാണ്.
നടനായതിൽ അഭിമാനമുണ്ട്. നേരിട്ട് ജനഹ്യദയങ്ങളിൽ ഇടം നേടാൻ സിനിമയിലൂടെ സാധിച്ചു. അവർക്ക് വേണ്ടി ഭയമില്ലാതെ നിലകൊള്ളും. വിമർശനങ്ങൾക്ക് നിങ്ങളുടെ വിരലുകൾ മറുപടി നൽകും. നിങ്ങളെ മാത്രം വിശ്വസിച്ചാണ് വന്നത്. ആ വിശ്വാസം കാക്കും. ഈ പാർട്ടി പുതിയ ദിശ നൽകും. തെറ്റായ രാഷ്ട്രീയങ്ങളെ തുടച്ചു നീക്കും', എന്നും അണികൾക്ക് വിജയ് ഉറപ്പ് നൽകി.
Vijay welcomed. Tamil Vetri is the giant manad of Kazakatha.